മുളന്തുരുത്തി: പലിശയില്ലാതെ സ്വർണപ്പണയം പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആമ്പല്ലൂരിലെ സെയിൻ ഗോൾഡ് ഉടമ അബ്ദുൾ ഷുക്കൂർ അറസ്റ്റിൽ. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ മുളന്തുരുത്തി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗോൾഡ് സ്കീം എന്ന പദ്ധതിയുടെ പേരിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ പലിശയില്ലാതെ പുതുക്കി നൽകാമെന്ന് പരസ്യം നൽകി ആളുകളെ ആകർഷിച്ചായിരുന്നു തട്ടിപ്പ്. ഇതിൽ വിശ്വസിച്ച് നിരവധി പേർ സ്വർണാഭരണങ്ങൾ കൈമാറിയതായും പിന്നീട്സ്വർണം തിരിച്ചെടുക്കാനെത്തിയവരോട് സാവകാശം ആവശ്യപ്പെടുകയും തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്ന തരത്തിൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിക്കാർ ആരോപിക്കുന്നു.
ചിലർക്കു പണം നൽകാമെന്ന പേരിൽ ചെക്കുകളും നൽകി കബളിപ്പിച്ചതായി പറയുന്നു.മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ഇതുവരെ 30ലധികം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024 മുതൽ ആമ്പല്ലൂർ, വെട്ടിക്കാട്ടുമുക്ക്, പെരുമ്പളം തുടങ്ങിയ സ്ഥലങ്ങളിൽ ഇയാളുടെ ജ്വല്ലറി പ്രവർത്തിക്കുന്നതായും സ്ത്രീകൾ ഉൾപ്പെടെ 86ലധികം പേരുടെ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ നഷ്ടപ്പെട്ടതായും പറയുന്നുണ്ട്.